മുംബൈ: മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. 50 പേർക്ക് പരിക്കേറ്റു.
ദീപാവലി അവധി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആദിവാസി വിദ്യാർഥികളുമായി പോയ ബസ് അംലിബാരിക്കടുത്തുള്ള ദേവ്ഗായ് ഘട്ട് പ്രദേശത്താണ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
30 പേർക്ക് ഇരിക്കാവുന്ന ബസിൽ 56 വിദ്യാർഥികളാണുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ചാലിസ്ഗാവിലെ (ജൽഗാവ്) മെഹുൻബാരെയിലുള്ള ഒരു ആശ്രമ സ്കൂളിന്റേതാണ് ബസ്.
അപകടത്തിൽ ഏഴ് വയസുള്ള ഒരു കുട്ടിയും 13 വയസുള്ള ഒരു പെൺകുട്ടിയുമാണ് മരിച്ചത്. രണ്ട് വിദ്യാർഥികൾ ഐസിയുവിലാണ്. ഗുരുതരമായ പരിക്കുകളോടെ 17 പേരെ നന്ദുർബാർ ജില്ലാ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർ അക്കൽകുവ റൂറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
നിയന്ത്രണം നഷ്ടമായ ബസിൽ നിന്നും ഡ്രൈവർ പുറത്തുചാടിയെന്നും ഇയാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. അവധിക്കാല അവധി കഴിഞ്ഞ് വിദ്യാർഥികളെ തിരികെ കൊണ്ടുവരാൻ സ്കൂൾ രണ്ട് ബസുകളാണ് അയച്ചത്. അതിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്.